കെ ജി ജോർജിനെക്കുറിച്ച് എഴുതുമ്പോൾ എന്തിന് ഫെഡെറികോ ഫെല്ലിനിയെ ഓർക്കണം? ലോകസിനിമയിൽ മാർട്ടിൻ സ്കോർസസി,എമിർ കുസ്തുറിക,ഡേവിഡ് ലിഞ്ച് തുടങ്ങിയ പ്രതിഭകളെയെല്ലാം സ്വാധീനിച്ച ഫെല്ലിനി തിരുവല്ലക്കാരൻ കുളക്കാട്ടിൽ ഗീവർഗീസ് ജോർജിനും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു.സ്ത്രീകൾ,വ്യവസ്ഥകളോടുള്ള നീരസം,സ്വപ്നങ്ങൾ,സർറിയലിസം തുടങ്ങിയ ഫെല്ലിനീയൻ ചലചിത്ര ചേരുവകളുടെ സ്വാധീനം കെ ജി ജോർജിന്റെ സിനിമകളിലും കാണാമായിരുന്നു.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കെ ജി ജോർജ് പഠിക്കുമ്പോൾ ഫെല്ലിനിയുടെ 8 1/2 ഇറങ്ങി ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ.സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് സിനിമയെ കുറിച്ച് സംസാരിക്കുന്നതിന് തുല്യമാണ്, കാരണം സിനിമ സ്വപ്നങ്ങളുടെ ഭാഷ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് ഫെഡെറിക്കോ ഫെല്ലിനിയാണ്.സിനിമ സ്വപ്നം കാണുന്നതിന് തുല്യമാണ്,സത്യത്തെ നോക്കി സ്വപ്നം കാണാനുള്ള കഴിവ് തനിക്കുണ്ടെന്ന് പറഞ്ഞത് കെ ജി ജോർജും.
അതുവരെ ഇല്ലാതിരുന്ന പ്രമേയവും ആവിഷ്കാരവുമായി കെ ജി ജോർജിന്റെ സ്വപ്നാടനം മലയാളത്തിലേക്ക് ഇടിച്ച് ഇറങ്ങുകയായിരുന്നു.അക്കാലത്ത് കുണുങ്ങി നടന്നിരുന്ന മലയാള സിനിമയെ ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് ഒട്ടും ദയയില്ലാതെ തട്ടിയിടുകയാണ് സ്വപ്നാടനം ചെയ്തത്. മാർട്ടിൻ സ്കോർസസിയുടെ ടാക്സി ഡ്രൈവർ എന്ന പ്രശസ്തമായ സിനിമയും റിലീസ് ചെയ്തത് ഇതേ കാലത്താണ്.പ്രമേയത്തിൽ സാമ്യമില്ലെങ്കിലും കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് രണ്ട് സിനിമകളിലും ചില സമാനതകൾ കാണാം.ടാക്സി ഡ്രൈവറിൽ മുഖ്യകഥാപാത്രത്തിന്റെ ആന്തരിക പ്രശ്നങ്ങളിലേക്ക് സാമൂഹികമായ പ്രശ്നങ്ങൾ കൂടി വന്നുചേരുമ്പോൾ ഉണ്ടാവുന്ന പൊട്ടിത്തെറിയാണെങ്കിൽ വയക്തികമായ സംഘർഷങ്ങളിൽ നിലകിട്ടാതെ നിൽക്കുന്ന പ്രോട്ടഗോണസ്റ്റിന്റെ കൈവിട്ട് പോകലാണ് സ്വപ്നാടനത്തിലെ കഥ.എന്നാൽ ഇഴമുറിഞ്ഞ് പോവാത്ത ആന്തരിക സംഘർഷങ്ങളുടെ ലൂപ്പിലേക്ക് തന്നെ മുഖ്യകഥാപാത്രങ്ങൾ എത്തുന്നതായാണ് രണ്ട് സിനിമകളുടേയും ക്ലൈമാക്സ്.
കെ ജി ജോർജിനെക്കുറിച്ച് എഴുതുമ്പോൾ എന്തിന് ഫെഡെറികോ ഫെല്ലിനിയെ ഓർക്കണം? ലോകസിനിമയിൽ മാർട്ടിൻ സ്കോർസസി,എമിർ കുസ്തുറിക,ഡേവിഡ് ലിഞ്ച് തുടങ്ങിയ പ്രതിഭകളെയെല്ലാം സ്വാധീനിച്ച ഫെല്ലിനി, തിരുവല്ലക്കാരൻ കുളക്കാട്ടിൽ ഗീവർഗീസ് ജോർജിനും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു.സ്ത്രീകൾ,വ്യവസ്ഥകളോടുള്ള നീരസം,സ്വപ്നങ്ങൾ,സർറിയലിസം തുടങ്ങിയ ഫെല്ലിനീയൻ ചലചിത്ര ചേരുവകളുടെ സ്വാധീനം കെ ജി ജോർജിന്റെ സിനിമകളിലും കാണാമായിരുന്നു.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കെ ജി ജോർജ് പഠിക്കുമ്പോൾ ഫെല്ലിനിയുടെ 8 1/2 ഇറങ്ങി ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ.സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് സിനിമയെ കുറിച്ച് സംസാരിക്കുന്നതിന് തുല്യമാണ്, കാരണം സിനിമ സ്വപ്നങ്ങളുടെ ഭാഷ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ ഫെഡെറിക്കോ ഫെല്ലിനിയും സിനിമ, സ്വപ്നം കാണുന്നതിന് തുല്യമാണ്,സത്യത്തെ നോക്കി സ്വപ്നം കാണാനുള്ള കഴിവ് തനിക്കുണ്ടെന്ന് പറഞ്ഞ കെ ജി ജോർജും സിനിമയെ തങ്ങളുടെ മനസ്സിന്റെ തന്നെ എക്സറ്റൻഷനായാണ് കണ്ടിരുന്നത്.
കാപട്യങ്ങളില്ലാതെ മനുഷ്യരുടെ പ്രശ്നങ്ങളെ ക്യാമറകൊണ്ട് നോക്കി കണ്ടു എന്നതാണ് കെ ജി ജോർജിനെ മറ്റുള്ള സംവിധായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.സിനിമയുടെ വ്യാകരണത്തെ പലപ്പോഴും ചോദ്യം ചെയ്ത് കലാസിനിമയുടേയും ജനപ്രിയസിനിമയുടേയും മൂല്യങ്ങൾ കെ ജി ജോർജ് സമാസമം തന്റെ ചിത്രങ്ങളിൽ ഉൾചേർത്തു.മറ്റൊരുവിധത്തിൽ പറഞ്ഞാൽ തന്നിലെ കലാകാരനേയും പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്ന സിനിമകളേ കെ ജി ജോർജ് ചെയ്തിട്ടുള്ളൂ.അതുവരെ ഇല്ലാതിരുന്ന പ്രമേയവും ആവിഷ്കാരവുമായി കെ ജി ജോർജിന്റെ സ്വപ്നാടനം മലയാളത്തിലേക്ക് ഇടിച്ച് ഇറങ്ങുകയായിരുന്നു.അക്കാലത്ത് കുണുങ്ങി നടന്നിരുന്ന മലയാള സിനിമയെ ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് ഒട്ടും ദയയില്ലാതെ തട്ടിയിടുകയാണ് സ്വപ്നാടനം ചെയ്തത്. മാർട്ടിൻ സ്കോർസസിയുടെ ടാക്സി ഡ്രൈവർ എന്ന പ്രശസ്തമായ സിനിമയും റിലീസ് ചെയ്തത് ഇതേ കാലത്താണ് എന്നത് യാദൃശ്ചികം.പ്രമേയത്തിൽ സാമ്യമില്ലെങ്കിലും കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് രണ്ട് സിനിമകളിലും ചില സമാനതകൾ കാണാം.ടാക്സി ഡ്രൈവറിൽ മുഖ്യകഥാപാത്രത്തിന്റെ ആന്തരിക പ്രശ്നങ്ങളിലേക്ക് സാമൂഹികമായ പ്രശ്നങ്ങൾ കൂടി വന്നുചേരുമ്പോൾ ഉണ്ടാവുന്ന പൊട്ടിത്തെറിയാണെങ്കിൽ വയക്തികമായ സംഘർഷങ്ങളിൽ നിലകിട്ടാതെ നിൽക്കുന്ന പ്രോട്ടഗോണസ്റ്റിന്റെ കൈവിട്ട് പോകലാണ് സ്വപ്നാടനത്തിലെ കഥ.കൗതുകകരമായ കാര്യം രണ്ട് സിനിമയിലേയും മുഖ്യ കഥാപാത്രങ്ങൾക്ക് ഇൻസോമ്നിയ എന്ന ഉറക്കപ്രശ്നമുള്ളവരാണെന്നതാണ്.മാത്രമല്ല രണ്ട് സിനിമകളുടേയും ആദ്യ രംഗവും നഗരകാഴ്ചകളാൽ മുഖരിതമാണ്.പിന്നീട് കഥാഗതി മാറുമെങ്കിലും ഇഴമുറിഞ്ഞ് പോവാത്ത ആന്തരിക സംഘർഷങ്ങളുടെ ലൂപ്പിലേക്ക് തന്നെ മുഖ്യകഥാപാത്രങ്ങൾ എത്തുന്നതായാണ് രണ്ട് സിനിമകളുടേയും ക്ലൈമാക്സ്.മനുഷ്യരോടും അവരുടെ സാമൂഹികവും വയക്തികവുമായ ബന്ധങ്ങളോടും രണ്ട് പ്രതിഭകൾ കാണിച്ച ആത്മാർത്ഥമായ സമീപനമാവാം ഇത്തരത്തിൽ ചില സാമ്യങ്ങൾ യാദൃശ്ചികമായെങ്കിലും രണ്ട് സിനിമകളിൽ ഉണ്ടാകാൻ കാരണം.ഫെല്ലിനി രണ്ട് കൂട്ടരേയും സ്വാധീനിച്ചിരുന്നെന്ന് നേരത്തെ പറഞ്ഞുവല്ലോ.
മലയാള സിനിമ അത്ര പരിചയിച്ചിട്ടില്ലാത്ത പ്രമേയം,കൃത്യമായി ചിട്ടപ്പെടുത്തിയ ഹാലൂസിനേഷൻ സീനുകൾ, ഫോളോ ഷോട്ടുകൾ,നാർകോ അനാലിസിസ് പോലെ അത്ര പരിചിതമല്ലാത്ത മെഡിക്കൽ ടേമുകൾ,ഹ്രസ്വവും മൂർചയുള്ളതുമായ സംഭാഷണങ്ങളും ചേർന്ന് സ്വപ്നാടനം നവീനകാഴ്ചയുടെ ഉന്മേഷം പ്രസരിപ്പിച്ചിരുന്നിരിക്കണം അന്ന്.ആദ്യ സിനിമ തന്നെ ചട്ടകൂടുകൾ പൊളിക്കണമെന്ന് കെ ജി ജോർജ് ആഗ്രഹിച്ചിരുന്നു.കുടുംബ ബന്ധങ്ങളിൽ പണം അധികാരസ്ഥാനം ഉറപ്പിക്കുമ്പോൾ സ്വന്തം അസ്ഥിത്വം കൈവിട്ട് പോകുന്ന മധ്യവർഗ യുവാവിന്റെ സംഘർഷങ്ങൾ സ്വപ്നാടനത്തിൽ ഉൾചേർന്നിരിക്കുന്നു.കെ ജി ജോർജിന്റെ തന്നെ അൾട്ടർ ഈഗോ ഡോക്ടർ ഗോപിയിൽ ആവേശിച്ചു എന്ന് പറഞ്ഞാലും ഒരുപക്ഷേ തെറ്റാകില്ല.കാരണം സ്വപ്നാടനത്തിലെ ഗോപിയുടേതുപൊലുള്ള ഒരു പ്രണയനഷ്ടം കെ ജി ജോർജിനും ഉണ്ടായിട്ടുണ്ട്.81/2 ഇന്റർകട്ട്സ് എന്ന ഡോക്യുമെന്ററിയിൽ അതിനെക്കുറിച്ച് ജോർജ് പറയുന്നുണ്ട്.അതിഭാവുകത്വമില്ലാതെ കുടുംബ പ്രശ്നങ്ങളെ അവതരിപ്പിക്കാൻ ആദ്യ സിനിമയിൽ തന്നെ കെ ജി ജോർജ് ശ്രമിച്ചു.എന്നാൽ പിന്നീട് പല സിനിമകളിലും കുടുംബ വ്യവസ്ഥയെ ഒരു അക്കാദമീഷ്യന്റെ കൃത്യതയോടെ പരിശോധിക്കുന്നതും കാണാം.യഥാർത്ഥത്തിൽ തങ്ങളുടെ കപടതകളെ വരും വർഷങ്ങളിൽ നിരന്തരം ചോദ്യം ചെയ്യാൻ പോകുന്ന ഒരു ധിക്കാരിയെയാണ് സ്വീകരിച്ചിരുത്തുന്നതെന്നറിയാതെ മലയാള സിനിമാപ്രക്ഷകർ കെ ജി ജോർജിന്റെ ആദ്യ സിനിമയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
കെ ജി ജോർജിന്റെ സിനിമകൾക്ക് പല വായനകൾ സാധ്യമാണ്.പല അടരുകളിലായി കിടക്കുന്ന നരേറ്റീവ് സ്റ്റൈൽ ഓരോരുത്തരിലും ഉദ്ദീപിപ്പിക്കുന്നത് ഓരോ ചിന്തയെ ആയിരിക്കും.യവനികയിൽ തബലിസ്റ്റ് അയ്യപ്പൻ പൊതുവിൽ തല്ലുകൊള്ളിയും ആഭാസനുമാണെങ്കിലും അയാളിലെ ഭീരുവിനെ ഇടയ്ക്കിടെ തെളിഞ്ഞ് കാണുന്ന വിധത്തിലാണ് സിനിമയുടെ നരേഷൻ.കലാകാരനും കള്ളുകുടിയനും പെണ്ണുപിടിയനുമാണ് അയ്യപ്പൻ പക്ഷേ അയാളുടെ അനാഥമാക്കപ്പെട്ട കുട്ടിക്കാലത്തെ കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചും ലക്നൗ വാസത്തെ കുറിച്ചും ഇൻസ്പെക്ടർ ഈരാളി പറയുന്നുണ്ട് അതിനിടിയിലെപ്പോഴോ ആയിരിക്കാം അയ്യപ്പൻ പരുക്കനായതെന്ന് സംവിധായകൻ പ്രേംലാൽ ദ ക്യൂവിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.കെ ജി ജോർജിന്റെ മിക്ക കഥാപാത്രങ്ങളും വ്യക്തമായ അസ്തിത്വം ഉള്ളവരാണ്.നാം കാണുന്നതിന് മുന്നെ അവർക്ക് ഒരു ജീവിതമുണ്ടായിരുന്നിരിക്കണം.അതറിയുന്ന കെ ജി ജോർജ് ഏതോ പ്രത്യേക ജീവിതസന്ധിയിൽ അവരെ പിടിച്ചുകൊണ്ടുവന്ന് സിനിമയിലേക്ക് കയറ്റിവിടുകയാണ്.തീയേറ്ററിൽ നിന്ന് കാണികൾ ഇറങ്ങിപ്പോയാലും ഇനിയെന്ത് ചെയ്യുമെന്നറിയാതെ കൊല്ലപ്പള്ളിയും രോഹിണിയും നിൽക്കുന്നത് അതുകൊണ്ടാണ്.സ്ക്രീനിന് ശേഷവും അവർക്ക് അസ്തിത്വമുണ്ടാക്കുകയാണ് സംവിധായകൻ.
കുറ്റാന്വേഷണ സിനിമകൾക്കിടയിൽ യവനിക ഒരു പാഠപുസ്തകമാണ്.കുറ്റവാളികളെ പിടിക്കുന്നതോടെ കാറ്റൊഴിഞ്ഞ ബലൂണാകുന്ന പതിവ് പൂച്ചയും എലിയും കളിയല്ല യവനികയിൽ കെ ജി ജോർജ് പരീക്ഷിച്ചത്.ഹിച്ച്കോക്ക് സിനിമകളിലേതുപോലെ വളച്ചുകെട്ടില്ലാതെ കഥ മുന്നോട്ട് പോകുകയാണ്.കുറ്റവാളിയെ കണ്ടെത്തുന്നത് മാത്രം പ്രതീക്ഷിച്ചുവരുന്നവരേയും കുറ്റത്തിന് കാരണമായ സാഹചര്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റാണ് യവനിക.കുറ്റം ചെയ്തവരുടെ മാനസിക സംഘർഷങ്ങൾ അതിസൂക്ഷ്മമായി ചിത്രത്തിൽ കാണിക്കുന്നുണ്ട്. കഥാപാത്ര സൃഷ്ടിയിലെ തെളിച്ചമാണ് കെ ജി ജോർജ് സിനിമകളുടെ ഹൈലൈറ്റ്.താരതമ്യേന ചെറിയ റോളുള്ള ജഗതിയുടെ കഥാപാത്രം വരുണൻ തന്റെ ജീവിതം ഏതാനും വാക്കുകളിലൂടെ പറയുമ്പോൾ വരുണന്റെ ജീവിതം ജീവിച്ച ഒരുപക്ഷേ ഇന്നും ജീവിക്കുന്ന ആരുടേയൊക്കെയോ മനസിൽ ഒരു കൊള്ളിയാൻ പായും.മുഖ്യകഥാപാത്രങ്ങൾക്ക് മാത്രമല്ല വന്നുപോകുന്ന ഓരോ കഥാപാത്രങ്ങൾക്കും ആഴത്തിലുള്ള ഉപകഥകൾ മെനയാൻ ഒരു മാസ്റ്റർ ക്രാഫ്റ്റ്മാനേ സാധിക്കൂ.അന്താരാഷ്ട്ര സിനിമകളും പുസ്തകങ്ങളുമായി നിരന്തരം സമ്പർക്കമുണ്ടായിരുന്ന കെ ജി ജോർജ് ഇത്തരത്തിലുള്ള സൂക്ഷ്മമായ ഡീറ്റെയ്ലിംഗിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
പറഞ്ഞതിലധികം പറഞ്ഞ സിനിമ എന്നാണ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക് എന്ന സിനിമയെക്കുറിച്ച് എംടി വാസുദേവൻ നായർ പറഞ്ഞത്.താനറിയുന്ന രണ്ട് വ്യക്തികളുടെ ജീവിതം പകർത്തുമ്പോഴും അതിനെ വൈകാരികമായി സമീപിക്കാതെ ഒരു കലാകാരന് മാത്രം കഴിയുന്ന ഡിറ്റാച്മെന്റ് കെ ജി ജോർജ് സിനിമയിൽ കാണിക്കുന്നുണ്ടെന്ന് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് നിരീക്ഷിക്കുന്നു.താൻ ജോലി ചെയ്യുന്ന ഇടത്തെ തന്നെ മൂന്നാമതൊരാളായി നോക്കി കാണുക എളുപ്പമല്ല.ക്യാമറ ഫ്രെയ്മിൽ സിനിമാലോകത്തെ അത്ര സുന്ദരമല്ലാത്ത കാഴ്ചകളെ മറച്ചുവെയ്ക്കാൻ ഒരു പ്രവണതയുണ്ടാകുന്നത് സ്വാഭാവികമാണ്.എന്നാൽ സത്യം കാണിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് കെ ജി ജോർജ് തന്നെ 81/2 ഇന്റർകട്ട് എന്ന ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.സിനിമയിൽ വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്നവരുടെ ജീവിതം ഒട്ടും കലർപ്പില്ലാതെ കെ ജി ജോർജ് ഉൾകൊള്ളിച്ചിട്ടുണ്ട്.
കെ ജി ജോർജിന്റെ മറ്റൊരു ഗംഭീര സിനിമ ഇരകളാണ്.അതിന് മുമ്പോ ശേഷമോ അത്തരത്തിൽ കുടുംബ വ്യവസ്ഥയേയും മനുഷ്യ മനസ്സിന്റെ ഹിംസയേയും അപഗ്രഥിച്ച സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.കറുപ്പിലും വെളുപ്പിലും കഥാപാത്രങ്ങളെ നിർത്തി നന്മ-തിന്മകളെക്കുറിച്ച് ക്ലാസെടുക്കുന്ന സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു മനുഷ്യനിൽ തന്നെ നന്മയും തിന്മയും ഉണ്ടാകാം എന്ന നരേറ്റീവ് കെ ജി ജോർജ് എപ്പോഴും സിനിമകളിൽ ഉപയോഗിച്ചിരുന്നു.ഇരകൾ വയലൻസിന്റെ മനശാസ്ത്രമാണ് ചർച്ച ചെയ്യുന്നത്.ബേബിയടക്കമുള്ള കഥാപാത്രങ്ങൾ വയലൻസിന്റെ ഇരകളാണ്.ബേബി അയാൾ അനുഭവിച്ച അല്ലെങ്കിൽ ചുറ്റുംകണ്ട വയലൻസിന്റേയും അവഗണനയുടേയും ഇരയാണ്.കാട് മൊത്തം വെട്ടിത്തെളിച്ച് റബ്ബർ നട്ട് മൃഗങ്ങളെയെല്ലാം കൊന്നൊടുക്കി മനുഷ്യരെ അവയ്ക്ക് പകരം പ്രതിഷ്ഠിച്ചിരിക്കുകയാണ് മാത്യൂസ് എന്ന ബേബിയുടെ അപ്പൻ.അയാളുടെ അപ്പൻ തോക്ക് പേടിപ്പിക്കാനാണ് ഉപയോഗിച്ചതെങ്കിൽ മാത്യൂസ് അങ്ങനെയല്ല അയാൾ അത് വേണമെങ്കിൽ മനുഷ്യനെ കൊല്ലാൻ വരെ ഉപയോഗിക്കും.മൃഗങ്ങളെയെല്ലാം മാത്യൂസ് കൊന്നൊടുക്കി ഇപ്പോഴിവിടെ മനുഷ്യർ മാത്രമേയുള്ളൂ എന്ന് ബേബി വല്യപ്പച്ചനോട് പറയുന്നുണ്ട്.പക്ഷേ ആ മനുഷ്യർ മൃഗങ്ങളേക്കാൾ അപകടകാരികളാണെന്ന് ബേബി പറയുന്നില്ല.ബേബിയുടെ അസ്ഥിരമായ മനസ് നിരന്തരം വേട്ട ശീലിച്ച ഒരു മൃഗത്തിന്റേതിന് തുല്യമാണെന്ന് അയാളുടെ ഭ്രമങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും ജോർജ് പറയുന്നു.പഴയ ലോകം മരിച്ചുകൊണ്ടിരിക്കുകയും പുതിയ ലോകം ജനിക്കാൻ പ്രയാസപ്പെടുകയും ചെയ്യുകയാണ് , ഇത് രാക്ഷസന്മാരുടെ സമയമാണെന്ന ഗ്രാംഷിയൻ ചിന്തയാണ് ഇരകളിലും പറഞ്ഞുവെയ്ക്കുന്നത്.പുതിയ തലമുറയിലെ ആനിയുടെ മകളെ ആനിയുടെ ഭർത്താവിൽ നിന്ന് തട്ടിയെടുത്ത് മാത്യൂസ് പുത്തൻ പ്രതീക്ഷകളേയും തകർക്കുന്നിടത്ത് ഇരകളിലെ നിരാശ പരകോടിയിലെത്തുന്നു.നിലനിൽപിന്റെ യുദ്ധത്തിൽ അപ്പനെന്ന അതികായൻ ജയിക്കുന്നതോടെ ഹിംസയ്ക്ക് മേൽ ഹിംസയ്ക്ക് വിജയം കിട്ടുന്നു.
മാത്യൂസിന്റെ മകൻ ബേബിയ്ക്ക് സംഭവിക്കുന്ന മാനസിക വ്യതിയാനം ക്രമാനുഗതമായി സംഭവിക്കുന്നതാണ്.വെച്ചുനീട്ടുന്നതൊന്നും വേണ്ട പിടിച്ചെടുക്കുമ്പോഴാണ് തനിക്ക് സന്തോഷം കിട്ടുക എന്ന് ബേബി ഒരു വേശ്യയെ ഭോഗിക്കാതെ തിരിച്ച് പോരുമ്പോൾ തന്റെ സുഹൃത്തിനോട് പറയുന്നുണ്ട്.പിടിച്ചെടുത്ത് ശീലിച്ച കുടുംബത്തിലെ രണ്ടാം തലമുറയ്ക്ക് അത് ശീലമാകുന്നത് സ്വാഭാവികം മാത്രം.അശാന്തി വിളയാടുന്ന ഒരു കുടുംബം മാത്യൂസ് വല്ലവിധേനയും അടക്കിഭരിക്കുമ്പോൾ ഇളയ മകൻ ബേബി ഒരു സീരിയൽ കൊലപാതകിയായി മാറുന്നു.ഇഷ്ടമില്ലാത്തവരെ കൊന്നുകളയുക എന്ന ഫാസിസ്റ്റ് രീതി അപ്പനിലും മകനിലും ഉണ്ട്.കാലഗതിക്കനുസരിച്ച് അപ്പനിൽ അത് ഏറെക്കുറേ ഗുപതമാണെങ്കിൽ മകനിൽ അത് പ്രകടമാണ്.ആദ്യ സീനീൽ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന സൂചന ജോർജ് തരുന്നുണ്ട്.ഒരു മൃഗം അതിന്റെ ഇരയെ പിടിക്കുന്നത് പോലെയാണ് ബേബി തന്റെ ജൂനിയറിനെ കൊല്ലാനായി പിടിക്കുന്നത്.ആദ്യാവസാനം ഇര പിടിക്കുന്ന മടുക്കാത്ത ഒരു മൃഗത്തിന്റെ തൃഷ്ണ ബേബിയിൽ ഉണ്ട്.കൗതുകമെന്തെന്നാൽ കെ ജി ജോർജ് പ്രതിസ്ഥാനത്ത് നിർത്തിയ മാത്യൂസ് എന്ന കഥാപാത്രവും അയാളുടെ സമ്പന്ന പശ്ചാത്തലവും ആഭിജാത്യവും മക്കൾ മാഹാത്മ്യവും ഗർവുമെല്ലാം വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നായക കഥാപാത്രങ്ങളുടെ കഥാപരിസരമായി പരിണമിച്ചു എന്നതാണ് ജോർജിൽ നിന്ന് മലയാള സിനിമ എത്രമാത്രം തിരിച്ചുനടന്നു എന്നതിന് തെളിവ്.പണവും ഹിംസയും എത്രമാത്രം കൈകോർത്ത് പിടിച്ചിരിക്കുന്നു എന്ന പരിശോധന ഇരകളിൽ സാധ്യമാണ്.
കെ ജി ജോർജ്
തന്റെ സിനിമാസമീപനത്തിൽ ഒരു പാരഡിം ഷിഫ്റ്റ് നടത്തുന്നത്
പഞ്ചവടിപ്പാലത്തിലൂടെയാണ്.ക്യാരിക്കേച്ചറുകളുടെ ഒരു സമ്മേളനമാണ് ആ സിനിമ.സറ്റയർ
സിനിമകൾക്ക് ഒരു ക്ലാസിക്കൽ ഉദാഹരണം.ഒരു വി കെ എൻ കഥ വായിക്കുന്നതുപോലെ കണ്ട്
പോകാവുന്ന സൃഷ്ടിയാണ് പഞ്ചവടിപ്പാലം. അതിലെ പേരുകൾ തന്നെ നോക്കൂ
ദുശ്ശാസനക്കുറുപ്പ്,ശിഖണ്ഡി പിള്ള,മണ്ഡോദരി,പൂതന,യൂദാസ്കുഞ്ഞ്,ബറാബസ്,ജീമൂതവാഹനൻ,ജഹാംഗീർ താത്ത
എല്ലാം ഔട്ട് ഓഫ് ദ വേൾഡ് പേരുകളാണ്.തികച്ചും ഒരു സമാന്തര ലോകം
സൃഷ്ടിച്ചിരിക്കുകയാണ് ജോർജ്.എന്നിട്ട് അവരെക്കൊണ്ട് യഥാർത്ഥ ലോകത്തിലെ വിഷയങ്ങൾ
ചർച്ച ചെയ്യിക്കുന്നു.സറ്റയർ മനസിലാകാത്തവർക്കും കാണാൻ കഴിയുന്ന ഹാസ്യ സിനിമയാണ്
പഞ്ചവടിപ്പാലം.കാർട്ടൂണിസ്റ്റ് യേശുദാസനാണ് പഞ്ചവടിപ്പാലത്തിന്റെ സംഭാഷണം
എഴുതിയിട്ടുള്ളത്.ഒരു കാർട്ടൂണിസ്റ്റിന്റെ മൂർച്ചയുള്ള സംഭാഷണ ശൈലി വേണമെന്ന
സംവിധായകന്റെ ശാഠ്യമാണ് മുൻ മാതൃകകൾ ഇല്ലാത്ത ഈ സിനിമയുടെ കാതൽ.അതിന് ശേഷം മലയാളത്തിൽ
സംഭവിച്ചു എന്നു പറയുന്ന സറ്റയർ സിനിമകളെല്ലാം പഞ്ചവടിപ്പാലത്തിന്റെ വികൃതമായതും
ലക്ഷ്യത്തിലെത്താത്തതുമായ അനുകരണങ്ങളാണ്.
സമകാലിക രാഷ്ട്രീയത്തിൽ കാണുന്ന പല വിചിത്ര സംഭവങ്ങളും ഓർക്കുമ്പോൾ പഞ്ചവടിപ്പാലം ഒട്ടും അതിശയോക്തിയില്ലാത്ത കഥയാണ്.ശ്രീനിവാസൻ അഭിനയിച്ച കാലില്ലാത്ത ആളുടെ കഥാപാത്രം എല്ലാത്തിനും സാക്ഷിയാണ്.അയാൾ മാത്രമാണ് യാഥാർത്ഥ്യത്തിൽ അവിടെ ജീവിക്കുന്നത്.പക്ഷേ ആ ബോധം പാലം തകർന്ന് വീഴുന്നതോടെ ഇല്ലാതാകുകയും ചെയ്യുന്നു.വീണ്ടും കാണുമ്പോൾ മറ്റെന്തൊക്കെയേ കൂടി ചേർത്തുവായിക്കാവുന്ന സിനിമയാണിത്.നിരാശരും ഹതാശരുമായ കഥാപാത്രങ്ങളെ മാത്രം ജോർജിന്റെ സിനിമയിൽ കൈകാര്യം ചെയ്തിരുന്ന ഗോപി,തിലകൻ,ശ്രീവിദ്യ,നെടുമുടി വേണു തുടങ്ങിയവർ അടിമുടി ഹാസ്യം കൈകാര്യം ചെയ്യുന്ന മാജിക്ക് പഞ്ചവടിപ്പാലത്തിൽ സംഭവിച്ചു.അഭിനേതാക്കളെ കഥയ്ക്കനുസരിച്ച് ഒരുക്കിയെടുക്കുന്ന ജോർജിയൻ രീതിയുടെ ഉത്തമ ഉദാഹരണമാണ് പഞ്ചവടിപ്പാലം.
കോലങ്ങൾ,ആദാമിന്റെ വാരിയെല്ല്,മറ്റൊരാൾ തുടങ്ങിയ സിനിമകൾ കേരളത്തിലെ ഇടത്തരം കുടുംബ ജീവിതങ്ങളിലെ സങ്കീർണതകളേയും സ്ത്രീ-പുരുഷ ബന്ധങ്ങളേയും ആഴത്തിൽ പഠനവിധേയമാക്കുകയാണ്.കെ ജി ജോർജിന്റെ ആദ്യ സിനിമ മുതൽ അവസാന സിനിമ വരെ പരിശോധിച്ചാൽ കേരളത്തിലെ സ്ത്രീകളുടെ പോരാട്ടത്തിന്റേയും,അതിജീവനത്തിന്റേയും,അഭിലാഷത്തിന്റേയും ചരിത്രം പല പല അടരുകളിലായി അതിൽ കാണാം എന്ന് സി എസ് വെങ്കിടേശ്വരൻ നിരീക്ഷിക്കുന്നുണ്ട്.ആദാമിന്റെ വാരിയെല്ലിലെ ആലീസും,അമ്മിണിയും വാസന്തിയും പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയ്ക്ക് കീഴിൽ ജീവിക്കുകയും അതിന്റെ ഞെരുക്കത്തില് ഒടുങ്ങുകയും ചെയ്യുന്നുണ്ട്.ഒരു ഘട്ടത്തിൽ സംവിധായകന് തന്നെ പിടികൊടുക്കാതെ ക്യാമറ തട്ടിത്തെറിപ്പിച്ച് പായുന്ന സ്ത്രീകളുടെ പ്രചോദനമായി അമ്മിണി മാറുന്നു.ആദാമിന്റെ വാരിയെല്ലിലെ ഫോർത് വാൾ ബ്രേക്ക് ചെയ്ത ആ ക്ലൈമാക്സ് രംഗം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ രംഗങ്ങങ്ങളിൽ ഒന്നാണ്.മുതലാളിത്തത്തിന്റെ എല്ലാ പ്രവണതകളുമുള്ള ഒരു യൂണിറ്റാണ് കുടുംബം എന്ന മാർക്സിയൻ ചിന്തയെ പല കഥകളിലൂടെ ചർച്ചയ്ക്ക് വിധേയമാക്കുകയാണ് ജോർജ് ചെയ്യുന്നത്.അധികാരക്രമത്തെ എതിർക്കാതെ അനുസരിക്കാൻ കുടുംബവ്യവസ്ഥ നിർബന്ധിക്കുന്നുണ്ടെന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്.വാസന്തിയ്ക്ക് സംഭവിക്കുന്ന ആ സർറിയൽ അനുഭവം ഇതിന്റെ ആഴം വിവരിക്കുന്നു.ആലീസിന് രക്ഷയായി സ്വന്തം കുടുംബം പോലുമില്ല.ഇതെല്ലാം ഇന്നിന്റേയും കഥകളാണല്ലോ എന്ന് ഓർക്കുമ്പോഴാണ് കെ ജി ജോർജ് എന്ന ക്രാന്തദർശിയുടെ വൈഭവം നമുക്ക് വെളിവാകുന്നത്.
സമകാലിക സംഭവങ്ങളെ സൂക്ഷ്മമായി പഠിക്കുകയും അതിന് വിദഗ്ധമായി ചലചിത്രഭാഷ ഒരുക്കുകയും ചെയ്തു കെ ജി ജോർജ്.കലാസിനിമകളുടെ നിയോ റിയലിസ്റ്റിക്കും താരതമ്യേന വരണ്ടതുമായ കഥപറച്ചിൽ രീതിയെ പാടെ ഒഴിവാക്കി,കാണികൾക്ക് മനസിലാകുന്ന ഭാഷയിലേക്ക് സിനിമയെ എൻകോഡ് ചെയ്യാൻ കെ ജി ജോർജിനായി.സമൂഹത്തിന്റെ മനശാസ്ത്രത്തെ നിരന്തരം പ്രശ്നവത്കരിച്ചും വ്യക്തികളെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളെ നമുക്ക് വ്യക്തമായി കാണിച്ചുതന്നും സിനിമയെ ഒരു സോഷ്യൽ സ്റ്റഡീസ് ലാബാക്കി ജോർജ് മാറ്റി.ഗ്രാമത്തിന്റെ വിശുദ്ധി,കുടുംബത്തിന്റെ ഭദ്രത,സ്ത്രീയുടെ അടക്കവും ഒതുക്കവും,ലൈംഗീകതയുടെ പൂർത്തീകരണം തുടങ്ങി നിരവധി വിഷയങ്ങളെ സൂക്ഷ്മമായി തന്റെ സിനിമകളിലൂടെ അദേഹം അപഗ്രഥിച്ചു.ഗ്രാമ വിശുദ്ധിയെ തള്ളികളഞ്ഞു,കുടുംബത്തിന്റെ ഭദ്രതയിൽ ഒളിഞ്ഞിരിക്കുന്ന ഫ്യൂഡൽ താല്പര്യങ്ങളെ വെളിച്ചത്താക്കി,സ്ത്രീയ്ക്ക് മാത്രമായി കല്പിച്ച് കൊടുത്തിരുന്ന അടക്കവും ഒതുക്കവുമെന്ന സങ്കൽപം മിത്താണെന്ന് ആവർത്തിച്ചു,ലൈംഗീകതയുടെ പൂർത്തീകരണത്തിന് പുരുഷന്റെ പോലെ സ്ത്രീയ്ക്കും അവകാശമുണ്ടെന്ന് പലപ്പോഴായി കാണിച്ചുതന്നു.കെ ജി ജോർജിന് സിനിമകൾ കേവലം കലയുടേയോ കച്ചവടത്തിന്റേയോ മാർഗമായിരുന്നില്ല, കെ ജി ജോർജ് തന്നെ ഒരിക്കൽ പറഞ്ഞപോലെ സത്യം വേദനചേർത്ത് പറയുന്ന ധർമമാണ് സിനിമയിലൂടെ അദേഹം നിറവേറ്റികൊണ്ടിരുന്നത്.
തൊണ്ണൂറുകളോടെ കെ ജി ജോർജിന്റെ സിനിമാജീവിതത്തിന് വേഗത കുറഞ്ഞു.ചെയ്യുന്ന സിനിമകൾ തമ്മിലുള്ള ഇടവേളകൾ വർദ്ദിച്ചുവന്നു.ആഗോളവത്കരണ പ്രവണതകളും സമൂഹം കൂടുതൽ വ്യക്തികേന്ദ്രീകൃതമായതും സിനിമയേയും ബാധിച്ചു.മലയാള സിനിമാ വ്യവസായത്തിൽ കൂടുതൽ മുതലാളിത്ത പ്രവണതകൾ വന്നതോടെ കഥ പറച്ചിൽ രീതിയ്ക്ക് വലിയ മാറ്റം വന്നു.കെ ജി ജോർജ് പ്രശ്നവത്കരിച്ച കുടുംബം എന്ന വ്യവസ്ഥിതി ഒരു തിരിച്ച് വരവിന് ശ്രമിച്ചു.അണുകുടുംബങ്ങളിലേക്കുള്ള മാറ്റം സഹിക്കാനാകാതെ കൂട്ടുകുടുംബത്തിന്റെ പ്രതാപം പേറുന്ന നിരവധി സിനിമകൾ വന്നു തുടങ്ങി.അമ്മ അമ്മായിയമ്മ,കുടുംബം,കുടുംബ പുരാണം,ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം,വാത്സല്യം തുടങ്ങി നിരവധി ചിത്രങ്ങൾ കുടുംബ ബന്ധങ്ങളിലെ ശൈഥില്യങ്ങൾ ചർച്ചയ്ക്ക് വച്ചു.പതുക്കെയാണെങ്കിലും മാതൃകാ കുടുംബമെന്ന സങ്കൽപ്പത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും തിരിച്ചുവിടാൻ ഈ സിനിമകൾക്കായി.ഒരുപക്ഷേ അന്താരാഷ്ട്ര സിനിമകൾ ബുദ്ധിജീവി സദസ്സുകൾക്ക് മാത്രമാണന്ന മിഥ്യാധാരണ പടർത്തി മൂലധനശക്തികൾ മുഖ്യധാരാ സിനിമയെ ഹൈജാക്ക് ചെയ്തു.ഇത്തരമൊരു സാഹചര്യത്തിൽ വിഡ്ഢികളായ ഭൂരിപക്ഷത്തിന് കടിഞ്ഞാൺ കൈമാറി മാറി നിൽക്കാനേ കെ ജി ജോർജിനെപ്പോലുള്ള സംവിധായകർക്കാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ